ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകസംഘം നടത്തിയ പഠനത്തില്‍ കേരളത്തില്‍നിന്നു പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി. മിര്‍മെലിയോണ്ടിഡേ കുടുംബത്തില്‍പ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓര്‍ഡറിലാണ് ഉള്‍പ്പെടുന്നത്. പ്രോട്ടിഡ്രിസെറസ് ആല്‍ബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്കു നല്കിയ പേര്.
പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളില്നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ ഇന്ത്യയില്‍നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രോട്ടിഡ്രിസെറസ് ജനുസിലെ വെറും രണ്ടാമത്തെമാത്രം ജീവജാതി ആണെന്നതു ശ്രദ്ധേയമാണ്.
രാജ്യത്ത് ഇതേ ജനുസില്‍പ്പെട്ട ആദ്യ സ്പീഷിസ് ആയ പ്രോട്ടിഡ്രിസെറസ് എല്‍വെസിയെ 1891 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ലന്‍ ആണ് കണ്ടെത്തി വിവരിച്ചത്. അതിനാല്‍, ഈ പുതിയ രേഖപ്പെടുത്തല്‍ 134 വര്‍ഷങ്ങള്‍ക്കുശേഷം സുപ്രധാന കണ്ടെത്തലായാണ് പരിഗണിക്കപ്പെടുന്നത്. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്രമാസികയായ ‘സൂടാക്സ’യിൽ പ്രസിദ്ധീകരിച്ചു.
ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകനും എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസി. പ്രഫസറുമായ ഡോ.ടി.ബി. സൂര്യനാരായണന്, ക്രൈസ്റ്റ് കോളജിലെ അസി. പ്രഫസറും എസ്ഇആര്‍എല്‍ മേധാവിയുമായ സി. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ഡോ. ലെവിന്‍ഡി ഏബ്രഹാം, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന് ഡോ. മുഹമ്മദ് ജാഫര്‍ പാലോട് എന്നിവരാണ് കണ്ടെത്തലിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലന്തുമ്പികളായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ നീളമേറിയ, മുന്നോട്ടു നീണ്ടുനില്‍ക്കുന്ന സവിശേഷസ്പര്ശിനികള് ഉള്ളതാണ് ഇവയെ കല്ലന്തുമ്പികളില്നിന്നും വേര്‍തിരിക്കുന്നത്. മുതിര്‍ന്ന മുങ്ങവലച്ചിറകന്മാര്ക്ക് വലിയ വിഭജിത കണ്ണുകളും സന്ധ്യാസമയങ്ങളില്‍ സജീവമാകുന്ന ശീലങ്ങളുമുണ്ട്. അങ്ങനെയാണ് മൂങ്ങവലച്ചിറകന്‍ എന്ന പൊതുനാമം വന്നത്.
കേരളത്തില്‍ കണ്ടെത്തിയ മൂങ്ങവലച്ചിറകന്റെ എണ്ണം ഇതോടെ അഞ്ചായി. ഇന്ത്യയിലെ ആകെ എണ്ണം 37 ആയും ഉയര്‍ന്നു. കൂടുതല്‍ കേന്ദ്രീകൃതമായ പഠനങ്ങള്‍ നടത്തിയാല്‍, പുതിയ ജീവജാതികളുടെ സാന്നിധ്യം ഇന്ത്യയില്‍നിന്ന് പുറത്തുവരാനിടയുണ്ടെന്ന് ടി.ബി. സൂര്യനാരായണന് ചൂണ്ടിക്കാട്ടി.